സഹ്യപര്‍വ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട. പത്തനംതിട്ട എന്ന പേര് 'പത്തനം' എന്നും 'തിട്ട' എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേര്‍ന്ന രൂപമാണ്. ഇതിന്റെ അര്‍ത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്. 1982 നവംബര്‍ മാസം ഒന്നാം തീയതി ആണു കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്. പന്തളം രാജഭരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുമായി പത്തനംതിട്ട ജില്ലാതിര്‍ത്തി പങ്കു വയ്ക്കുന്നുണ്ട്. കിഴക്ക് തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയില്‍ അധികവും വനഭൂമിതന്നെയാണ്.