English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

 

പുരാതനകാലത്ത് വിവിധ ജാതിയില്‍പ്പെട്ട പത്ത് ജനവിഭാഗക്കാര്‍ താമസിച്ചിരുന്ന ജനപദം എന്ന അര്‍ത്ഥത്തില്‍ “പത്ത് ഇനം തിട്ട” എന്ന് ഇവിടം വിളിക്കപ്പെട്ടിരുന്നുവെന്നും പിന്നീടത് ലോപിച്ച് പത്തനംതിട്ട എന്ന സ്ഥലനാമമായി മാറിയെന്നുമൊരു അഭിപ്രായം കേള്‍ക്കുന്നുണ്ട്. ധര്‍മ്മരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലേക്ക് ആവശ്യമുള്ള ചരക്കുകള്‍ എത്തിച്ചുകൊടുത്തിരുന്ന പ്രമുഖനായൊരു പത്താന്‍ വ്യാപാരി ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനും അനുയായികള്‍ക്കും താമസിക്കുന്നതിനായി രാജാവിന്റെ അനുമതിയോടെ ഈ പ്രദേശത്ത് കുറച്ചു സ്ഥലം ചുറ്റുമതില്‍ കെട്ടി മറച്ചുനല്‍കിയെന്നും, അങ്ങനെ ഈ സ്ഥലം ആദ്യമൊക്കെ “പഠാണിതിട്ട” എന്ന് വിളിക്കപ്പെട്ടുവെന്നും, പില്‍ക്കാലത്ത് അത് പത്തനംതിട്ട എന്ന് ശബ്ദഭേദം വന്നുവെന്നും മറ്റൊരഭിപ്രായവും കേള്‍ക്കുന്നുണ്ട്. നദിയുടെ തിട്ട(കര)യില്‍ നിരനിരയായി മനോഹരമായ പത്തനങ്ങള്‍ (ഭവനങ്ങള്‍ ) ഉണ്ടായിരുന്ന നാടാണ് പത്തനംതിട്ട എന്ന് വിളിക്കപ്പെട്ടതെന്ന് പ്രബലമായ മൂന്നാമതൊരഭിപ്രായവും കേള്‍ക്കുന്നുണ്ട്. ആചാര്യ ചൂഢാമണിയുടെ കര്‍ത്താവായ ശക്തിഭദ്രനാല്‍ സ്ഥാപിതമായതാണ് കൊടുത്തറ സുബ്രഹ്മണ്യക്ഷേത്രം എന്നൊരു ഐതിഹ്യവും നിലവിലുണ്ട്. ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ആധുനികരീതിയില്‍ പണിതീര്‍ത്തിട്ടുള്ള മുത്താരമ്മന്‍ കോവില്‍, 500-ല്‍ പരം വര്‍ഷത്തെ പഴക്കമുള്ള കരിമ്പാനയ്ക്കല്‍ ദേവീക്ഷേത്രം, കരുമ്പനാക്കുഴി ശിവക്ഷേത്രം എന്നിവയാണ് മറ്റ് പുരാതന ഹൈന്ദവ ആരാധനാലയങ്ങള്‍. 700 വര്‍ഷത്തെ പഴക്കമുള്ള പത്തനംതിട്ട ജുമാ മസ്ജിദിലെ ചന്ദനക്കുടം അതിപ്രസിദ്ധവും നാനാജാതി മതസ്ഥര്‍ പങ്കെടുക്കുന്നതുമായ ഉത്സവമാണ്. വലഞ്ചുഴി പാറല്‍ , കുലശേഖരപതി എന്നിവയാണ് മറ്റ് പ്രമുഖ മുസ്ലീം പള്ളികള്‍. മാക്കാംകുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ 1854-ല്‍ സ്ഥാപിതമായതാണെന്ന് പറയപ്പെടുന്നു. മുനിസിപ്പാലിറ്റിയിലെ ആദ്യത്തെ കത്തോലിക്കാപള്ളിയാണ് നന്നൂവക്കാട് പീറ്റേഴ്സ് കത്തോലിക്കാ പള്ളി. കൂടാതെ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി, നന്നുവക്കാട് എന്നിവയുള്‍പ്പെടെ നിരവധി ക്രൈസ്തവ ആരാധനാലയങ്ങള്‍ വേറെയുമുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള നിരവധി പ്രമുഖവ്യക്തികള്‍ ഈ പ്രദേശത്തു നിന്നുണ്ടായിട്ടുണ്ട്. തടികില്‍ രാഘവന്‍പിള്ള, കിഴക്കേടത്ത് ഐ.ഇടിക്കുള, കല്ലിടുക്കില്‍ കുട്ടന്‍ നായര്‍, വയലാ ഇടിക്കുള, തോമസ് മാത്യു വക്കീല്‍, ചാലുപറമ്പിന്‍ ഏബ്രഹാം, കണ്ണന്‍പാറ എന്‍ നാരായണന്‍, ഡേവിഡ് എം.ഇട്ടി, അഡ്വ. എന്‍ ജി ചാക്കോ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തുനിന്നുള്ള മറ്റ് പ്രമുഖ സ്വാതന്ത്ര്യസമരസേനാനികള്‍. ഗവ.യു.പി.സ്കൂള്‍ ആയിരുന്നു പത്തനംതിട്ടയിലെ ആദ്യത്തെ വിദ്യാലയം. പത്തനംതിട്ടയിലെ ആദ്യത്തെ ഹൈസ്കൂളായ കതോലിക്കേറ്റ് ഹൈസ്കൂള്‍ 1931-ല്‍ സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തെ ആദ്യകാലം മുതലേയുള്ള സുപ്രധാന ഗതാഗത പാതകളാണ് ടി.കെ റോഡ്, പുനലൂര്‍ - മൂവാറ്റുപുഴ റോഡ് എന്നിവ. പുരാതനകാലം മുതല്‍ തന്നെ ഒരു വാണിജ്യകേന്ദ്രമെന്ന പ്രശസ്തി പത്തനംതിട്ടയ്ക്കുണ്ടായിരുന്നു. മലഞ്ചരക്കുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ പത്തനംതിട്ടയില്‍ നിന്നും അച്ചന്‍കോവിലാറ്റിലൂടെ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചിരുന്നു. വാണിജ്യകേന്ദ്രം പില്‍ക്കാലത്തൊരു ഉപ്പു പണ്ടകശാല മാത്രമായി ഒതുങ്ങി.